Monday, November 13, 2023

സിക്കിം യാത്ര

നാഗാലാൻറിൽ ജോലി ചെയ്തിരുന്ന അച്ഛൻ പറഞ്ഞ കഥ കളിലൂടെയാണ് നോർത്ത്- ഈസ്റ്റ് ഇന്ത്യ എൻ്റെ മനസ്സിൽ കടന്നുകൂടിയത് . Glance of india യുടെ സിക്കിം യാത്രയേക്കുറിച്ചുള്ള അറിയിപ്പ് കണ്ടപ്പോൾ പിന്നെ രണ്ടുവട്ടം ചിന്തിച്ചില്ല . ഔദ്യോഗികമായ തിരക്കുകൾക്കിടയിൽ എങ്ങിനെ പോവാൻപറ്റും എന്നൊക്കെ യുള്ള ആശങ്കയുണ്ടായിരുന്നു. പോരാത്തതിന് കോവിഡും കൂടി വരുന്നു.. എങ്കിലും പ്രതിബന്ധങ്ങളെല്ലാം മറികടന്നു യാത്ര പോവാൻ സാധിച്ചു . 

1975ൽ രൂപീകൃതമായ സിക്കിം സംസ്ഥാനം മൂന്ന് അതിർത്തികളും ചൈന,നേപ്പാൾ, ഭൂട്ടാൻ,എന്നീ രാജ്യ ങ്ങളുമായി പങ്കുവെക്കുന്നു. ലോകത്തിലെ ഉയരം കൂടിയ മൂന്നാമത്തെ പർവതമായ കാഞ്ചൻ ജംഗ സിക്കിമിലും നേപ്പാളിലുമായി മേഘങ്ങളെ തൊട്ടു കിടക്കുന്നു. അതിർത്തി സംസ്ഥാനമായതിനാൽ നോർത്ത് സിക്കിം , ഈസ്റ്റ്‌ സിക്കിം തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിക്കാൻ പെർമിറ്റ്‌ എടുക്കേണ്ടതായിട്ടുണ്ട്.

വെസ്റ്റ് ബംഗാളിലെ Bagdogra എയർപോർട്ടിൽ നിന്നും 5 മണിക്കൂർ കൊണ്ട് എത്തേണ്ടതാണ് സിക്കിം തലസ്ഥാനമായ ഗാങ്ടോക്കിൽ. എന്നാൽ ശക്തമായ മഴയും വഴിയിലുണ്ടായ മലയിടിച്ചിലും പലേടത്തും റോഡ് ഗതാഗതം തടസ്സപ്പെടുത്തി. 10മണിക്കൂർ എടുത്തു ഗാങ്ടോക് എത്താൻ . ടീസ്റ്റ നദി റോഡിനു സമാന്തരമായി ആർത്തലച്ചു ഒഴുകികൊണ്ടിരുന്നു.

അടുത്ത ദിവസം, ഈസ്റ്റ്‌ സിക്കിം അതിർത്തി യിലെ14000 അടി ഉയര ത്തിലുള്ള നാഥുലാ പാസ്സി ലേക്കുള്ള യാത്ര യായിരുന്നു.അനേകം ഹെയർപിൻ വളവുകളുള്ള റോഡ്. വഴിയിലുടനീളം ബുദ്ധമതമന്ത്രങ്ങൾ ആലേഖനം ചെയ്ത കൊടിത്തോരണങ്ങൾ. ജീവിതത്തിലെ എല്ലാ കാര്യത്തിനും വഴിപാട് പോലെ കൊടി നാട്ടുക അവരുടെ ഒരാചാരമാണ്. 

നാഥുലാപാസ്സിലേക്കുള്ള വഴിയിലാണ് Tsomgo താടാകം. കോടമഞ്ഞ് കാഴ്ചയെ തടഞ്ഞുകൊണ്ടേയിരുന്നു.

നാഥുലാ എത്തിയതും കോരിച്ചൊരിയുന്ന മഴ. 
കുറച്ചു പടികൾ കയറിവേണം ബോർഡറിൽ എത്താൻ. തണുപ്പിലും മഴയിലും ശരീരം മരവിച്ചു.... പടികൾ കയറും തോറും ബോധം മറയുന്നതുപോലെ തോന്നി.
എങ്കിലും അതിർത്തിയൊന്ന് കാണണം 
 എന്നുള്ള ആഗ്രഹത്താൽ വളരെ സമയമെടുത്തു കയറി. ചൈനയുടെ ഇന്ത്യയുടെയും മിലിറ്ററി പോസ്റ്റുകൾ അടുത്തടുത്ത് കിടക്കുന്നു. ഇൻഡോ - തിബറ്റൻ ട്രേഡ് കൊറിഡോറായിരുന്നു നാഥുലാപാസ്സ്.

അവിടെ നിന്നും പോയത് ഇൻഡോ- ചൈന യുദ്ധത്തിൽ മൃതിയടഞ്ഞ ബാബ ഹർഭജൻ സിംഗ് എന്ന ഇരുപത്തിയൊന്ന്കാരൻ്റെ സ്മാരകത്തിലേക്കാണ്. അദ്ദേഹത്തിന്റെ ആത്മാവിനെ ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു ജവാനായാണ് സങ്കൽപ്പിക്കുന്നത്. വേദനപ്പിക്കുന്ന ഒരനുഭവമാണ് ആ സ്മാരകം.. രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച ആ മഹാത്മാവിന് ആളുകൾ പ്രണാമമർപ്പിക്കുന്നു.🙏

അടുത്ത ദിവസം ഗാങ്ടോക് local sight seeing ആയിരുന്നു. Chogyal Palden Thondup Namgyal മെമ്മോറിയൽ പാർക്ക്, ബുദ്ധദേവാലയങ്ങൾ, ജലപാതങ്ങൾ എന്നിവ കണ്ടു. കേബിൾ കാർ യാത്രയിൽ ഗാങ്ടോക് നഗരത്തിന്റെ bird eye vision ത്രസിപ്പിക്കുന്ന അനുഭവമായിരുന്നു. എംജി മാർഗ്ഗ് ഗാങ്ടോകിലെ മാർക്കറ്റാണ്. അവിടെ വാഹനങ്ങൾക്ക് പ്രവേശനമില്ല.കുട്ടികൾക്ക് കളിക്കുവാനുള്ള ഇടം, ഷോപ്പിംഗ് ഏരിയ എന്നതിലുപരി ആളുകൾക്ക് ഇരിക്കാനും റിലാക്സ് ചെയ്യാനുമുള്ള ഒരു സ്പേസ് കൂടിയാണ് അത്. 

സിക്കിമിൻ്റെ പ്രകൃതിയെ, അവിടത്തെ മനുഷ്യരെ കൂടുതൽ അടുത്തറിയാൻ മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും അനുവദിച്ചില്ല. കഴിയുമെങ്കിൽ ഒരിക്കൽക്കൂടി വരാം എന്ന വിചാരത്തോടെ മടക്കയാത്ര.

Sunday, November 12, 2023

നിലാവ്

 കഴിഞ്ഞ ആഴ്ചയിൽ ഒരു ദിവസം 

തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും ഓഫീസിലേക്കുള്ള നടപ്പിനിടയിലാണ് അഞ്ചോ ആറോ വയസ്സുള്ള പെൺകുട്ടി ഒരു കുഞ്ഞനിയത്തിയുടെ കൈയും പിടിച്ച് ബാഗും കുടയുമെല്ലാമായി ഇടറോഡിൽ നിന്നും കയറി വന്ന് എന്റെ മുൻപിലെത്തിയത്. രണ്ടു പേരും തമ്മിൽ വളരെ കാര്യമായി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു . അവരെ കണ്ടപ്പോൾ ഒരു അസാധരണത്വം തോന്നി. ഇക്കാലത്ത് ഇത്രയും ചെറിയ കുഞ്ഞുങ്ങളെ തനിയെ ആരും സ്കൂളിൽ വിടാറില്ലല്ലോ...

  

സ്കൂൾ സമയമാവുമ്പോൾ ഈ ഇടറോഡിൽ കാൽനടക്കാർ കുറവാണ്. തുരുതുരെ ടൂ വീലറുകളും ഓട്ടോറിക്ഷകളുമാണ് ഉണ്ടാവുക. റോഡരികിലുള്ള വീടുകളിൽ മിക്കവാറും ഗേറ്റും വാതിലും അടച്ചിരിക്കുന്നവയാണ് .

മഴക്കാലത്ത് വെള്ളക്കെട്ടുകൾ ഉള്ളതിനാൽ വണ്ടികളെല്ലാം നടത്തക്കാരെ കുളിപ്പിച്ചേ പോവുകയുള്ളു. ഈ സാഹചര്യത്തിൽ ഞാൻ വളരെ വേഗത്തിൽ നടക്കുകയാണ് പതിവ്. 


ഈ കുഞ്ഞുങ്ങളെ കണ്ടപ്പോൾ എനിക്കവരെ വിട്ട് വേഗം നടക്കാൻ തോന്നിയില്ല. മൂത്ത കുട്ടി സ്കൂളിലേക്കാവുമെന്നും

ചെറിയകുഞ്ഞ് എവിടേക്ക് പോവുന്നു , ഇവരുടെ അച്ഛനും അമ്മയും എവിടെപ്പോയി എന്നുള്ള ചോദ്യങ്ങൾ എന്നിൽ ശക്തമായി.. ഞാൻ അവരോട് സ്കൂളിൽ പോവാണോ എന്ന് ചോദിച്ചു. മുതിർന്ന കുട്ടി പാതി ആംഗ്യവും കൂട്ടിച്ചേർത്ത് മലയാളം അറിയില്ലെന്ന് പറഞ്ഞു. ബിഇഎം സ്കൂളിലെ റീഷ്മട്ടീച്ചർ ഒരിക്കൽ പറഞ്ഞത് ഞാൻ ഓർത്തു - സ്കൂളിൽ അതിഥി തൊഴിലാളികളുടെ കുട്ടികൾ കുറേയേറെ പേർ പഠിക്കുന്നുണ്ടെന്നും അതിൽ നല്ല മിടുക്കികൾ ഉണ്ടെന്നും മറ്റും. 

ഈ കുഞ്ഞുങ്ങൾ സുരക്ഷിതമായി സ്കൂളിൽ എത്തുന്നത് വരെ കൂടെ നടക്കാൻ എനിക്ക് തോന്നി. ഞാൻ നടത്തതിന്റെ വേഗം കുറച്ച് , ബ്രണ്ണൻ സ്കൂൾ എത്തുന്നതുവരെ അവരുടെ കൂടെ നടന്നു. അവിടെ അവർ സുരക്ഷിതമായി എത്തിയല്ലൊ എന്നൊരാശ്വാസം ഉള്ളിൽ നിറഞ്ഞു.


എന്റെ സ്കൂൾ ക്കാലത്ത് നടന്നുതന്നെ യായിരുന്നു മിക്കവാറും കുട്ടികൾ സ്കൂളിൽ പോയ്കൊണ്ടിരുന്നത്. ഉടുമുണ്ട് പൊക്കി കാണിക്കുന്ന രോഗികൾ വല്ലപ്പോഴും വഴിയിൽ ഉണ്ടാവാറുണ്ടെങ്കിലും മറ്റ് അതിക്രമങ്ങൾ പൊതുവെ ഉണ്ടായിരുന്നില്ല. വഴിയിലൊക്കെ നാട്ടുകാരുടെ ഒരു ശ്രദ്ധയും ഉത്തരവാദിത്തവും ഉണ്ടായിരുന്നു . ജാതി മത ദേശ വ്യത്യാസമില്ലാതെ ഒരു സുരക്ഷിതത്വം തോന്നിയിരുന്നു.

ആലുവയിൽ പിച്ചിച്ചീന്തപ്പെട്ട 

ചാന്ദ്നിമോളെക്കുറിച്ച് ചിന്തിക്കുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദന....നമുക്കൊക്കെ എന്തുപറ്റി....?? നമ്മളൊന്നും മാപ്പ് അർഹിക്കുന്നില്ല.